പ്രമേഹരോഗികളായ കുട്ടികളെ

sankar-edakurussi

പ്രമേഹത്തെ ഏറ്റവും വലിയ 'നിശബ്‌ദ കൊലയാളി' എന്നു വിളിക്കുന്നതെന്തുകൊണ്ടാണ്‌?
പ്രമേഹം കണ്ടുപിടിക്കുന്നതിനു മുന്‍പ്‌ യാതൊരു ലക്ഷണവും കാണിക്കണമെന്നില്ല. രക്‌തത്തില്‍ ഗ്ലൂക്കോസ്‌ നില കൂടിനിന്നാലും ആദ്യവര്‍ഷങ്ങളില്‍ അതു വലിയ ശല്യമൊന്നും ഉണ്ടാക്കുന്നില്ല. യഥാസമയം വേണ്ട ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം സങ്കീര്‍ണമായി വൃക്ക, ഹൃദയം എന്നീ അവയവങ്ങളെ ബാധിച്ച്‌ മരണം വരെ സംഭവിക്കാം.
പ്രമേഹം മറ്റ്‌ ഏതെല്ലാം രോഗങ്ങള്‍ക്ക്‌ സാധ്യത ഉണ്ടാക്കുന്നു?
നേത്രരോഗം, വൃക്കരോഗം, ഹൃദ്‌രോഗം, പക്ഷാഘാതം, ഞരമ്പുരോഗങ്ങള്‍, ക്ഷയം എന്നീ രോഗങ്ങളാണ്‌ അവ.
കുട്ടികളില്‍ പ്രമേഹം ഉണ്ടാകുന്നതെന്തുകൊണ്ട്‌? ഈ അവസ്‌ഥ മുന്‍പുണ്ടായിരുന്നോ?
കുട്ടികളില്‍ കാണുന്നത്‌ പലപ്പോഴും ടൈപ്പ്‌-1 പ്രമേഹമാണ്‌. പാന്‍ക്രിയാസ്‌ ഗ്രന്ഥി ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാത്ത അവസ്‌ഥയാണിത്‌. ഈ അവസ്‌ഥയിലുളള കുട്ടികള്‍ ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ എടുക്കേണ്ടിവരും. എന്നാല്‍ ഇന്ന്‌ കുട്ടികളില്‍ കാണുന്ന അമിതവണ്ണം, വ്യായാമക്കുറവ്‌ എന്നിവ മൂലം ടൈപ്പ്‌-2 പ്രമേഹവും കണ്ടുവരുന്നു. ഈ അവസ്‌ഥ മുന്‍പുണ്ടായിരുന്നില്ല. മാത്രമല്ല കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മദ്യപാനശീലം പ്രമേഹരോഗസാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നു.
മദ്യപാനം, അമിതവണ്ണം, മാനസികപ്രശ്‌നങ്ങള്‍, പാരമ്പര്യം ഇവ പ്രമേഹത്തെ എങ്ങനെ സങ്കീര്‍ണമാക്കുന്നു?
മദ്യപാനം പാന്‍ക്രിയാസിനെ ബാധിക്കുകയും ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. അതോടെ ഇന്‍സുലിന്‍ ഉല്‍പ്പാദനം കുറയുകയോ നിലയ്‌ക്കുകയോ ചെയ്യും. അങ്ങനെ രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. മരുന്ന്‌ കഴിച്ചുകൊണ്ടിരിക്കുന്ന പ്രമേഹരോഗികള്‍ മദ്യം കഴിച്ചാല്‍ ഷുഗര്‍ വല്ലാതെ കുറഞ്ഞുപോകാനും സാധ്യതയുണ്ട്‌.
അമിതവണ്ണമുള്ളവരില്‍ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍പോലും അതിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞിരിക്കുന്നതായാണ്‌ കാണുന്നത്‌. ഇത്‌ പ്രമേഹത്തിന്‌ ഇടയാക്കുന്നു. മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ ചില ഹോര്‍മോണുകള്‍ ഉണ്ടാകുന്നുണ്ട്‌. ഇവ ഇന്‍സുലിന്‌ വിപരീതമായി പ്രവര്‍ത്തിക്കുകയും അതിന്റെ പ്രവര്‍ത്തനക്ഷമത കുറയ്‌ക്കുകയും ചെയ്യുന്നു. ഇത്‌ പ്രമേഹത്തിന്‌ കാരണമാകുന്നു. മാതാപിതാക്കള്‍ പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്ക്‌ രോഗസാധ്യത 50% ആണ്‌. അവരില്‍ ഒരാള്‍ പ്രമേഹരോഗിയായിരുന്നാല്‍ തന്നെ രോഗസാധ്യത മറ്റുള്ളവരിലേതിനെക്കാള്‍ ഇരട്ടിയാണ്‌.
പ്രമേഹരോഗികളായ കുട്ടികളെ ഭക്ഷണകാര്യത്തില്‍ നിയന്ത്രിക്കുക പ്രയാസമല്ലേ? അതിന്‌ എന്തുചെയ്യണം.
മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലത്തുന്നുണ്ട്‌. നിയന്ത്രിക്കാതിരുന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി കുട്ടികളെ പറഞ്ഞു മനസിലാക്കണം. ഗ്ലൂക്കോസിന്റെ അളവ്‌ സ്വയം പരിശോധിച്ച്‌ ഇന്‍സുലിന്‍ ക്രമീകരിക്കുവാന്‍ അവരെ പര്യാപ്‌തരാക്കണം. മതിയായ രീതിയിലുള്ള പോഷകാഹാരങ്ങള്‍ നല്‍കുകയും വ്യായാമം ശീലിപ്പിക്കുകയും വേണം.
സ്‌കൂളുകളില്‍ ബോധവത്‌ക്കരണപരിപാടികള്‍ നടത്തണമോ? അതു സാധ്യമാണോ?
തീര്‍ച്ചയായും. രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്‌തമായ ഇടപെടലുകളിലൂടെ ബോധവത്‌ക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുവാന്‍ കഴിയും. ചെറുപ്രായത്തില്‍ തന്നെ പിടിപെടുവാന്‍ സാധ്യതയുള്ള ഇത്തരം രോഗങ്ങളെപ്പറ്റിയെല്ലാം കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌.
സാധാരണ ആരോഗ്യവാനായ ഒരു വ്യക്‌തിയില്‍ പ്രമേഹം സംശയിക്കപ്പെടേണ്ടതെപ്പോഴാണ്‌?
അമിതദാഹം, കൂടുതല്‍ മൂത്രം പോകുക, ശരീരം മെലിയുക എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. വിട്ടുമാറാത്ത അണുബാധ, മുറിവുണങ്ങാന്‍ വൈകുക, ജനനേന്ദ്രിയഭാഗത്തെ ചൊറിച്ചില്‍ എന്നിവയെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാവാം.
എന്നാല്‍ ഈ ലക്ഷണങ്ങള്‍ പലരിലും കാണാറില്ല. അതിനാല്‍ ലക്ഷണത്തെ കാത്തിരിക്കാതെ വര്‍ഷത്തിലൊരിക്കല്‍ രക്‌തം പരിശോധിക്കുന്നതാണ്‌ നല്ലത്‌.
ഇന്‍സുലിന്‍ എടുക്കേണ്ടി വരുന്നത്‌ എപ്പോഴാണ്‌?
പ്രമേഹ നിയന്ത്രണത്തിനുള്ള അത്ഭുത മരുന്നാണ്‌ ഇന്‍സുലിന്‍. സാധാരണ പ്രമേഹരോഗികള്‍ക്ക്‌ തുടക്കത്തില്‍ ഇന്‍സുലിന്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. പക്ഷേ പിന്നീട്‌ ആവശ്യമായി വരാം.
താല്‌ക്കാലികമായി ഇന്‍സുലിന്‍ നല്‍കേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍.
1. ഗര്‍ഭിണികളില്‍, 2. ശസ്‌ത്രക്രിയാവേളയില്‍, 3. വ്രണം ഉണങ്ങുവാന്‍, 4. അണുബാധ ഉണ്ടായാല്‍, 5. ഹൃദയാഘാതം, 6. പക്ഷാഘാതം എന്നിവ ഉണ്ടാകുന്ന സമയത്ത്‌. ഒരിക്കല്‍ ഇന്‍സുലിന്‍ എടുത്താല്‍ ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവയ്‌ക്കേണ്ടിവരും എന്ന ധാരണ തെറ്റാണ്‌. ആപത്‌ഘട്ടം കഴിയുമ്പോള്‍ ഇന്‍സുലിന്‍ നിര്‍ത്തി തിരിച്ച്‌ ഗുളികയിലേക്ക്‌ മടങ്ങുവാന്‍ കഴിയും.
ഇന്‍സുലിന്‍ എങ്ങനെയാണ്‌ സൂക്ഷിക്കേണ്ടത്‌?
ഇന്‍സുലിന്‍ റഫ്രിജറേറ്ററിലാണ്‌ സൂക്ഷിക്കേണ്ടത്‌. ഫ്രീസറില്‍വയ്‌ക്കരുത്‌. 2ഗ്ന്യ 8ഗ്ന്യ ഇടയിലാണ്‌ സൂക്ഷിക്കേണ്ടത്‌. ഇന്‍സുലിന്‍ പുറത്തെടുത്തു കഴിഞ്ഞാല്‍ പുറത്തെ താപനിലയിലേക്ക്‌ മാറിയശേഷമേ ഉപയോഗിക്കാവൂ.
പ്രമേഹരോഗിക്ക്‌ ഷുഗര്‍ലെവല്‍ പെട്ടെന്ന്‌ കുറഞ്ഞാല്‍ എങ്ങനെ അറിയാം?
രക്‌തത്തില്‍ പെട്ടെന്ന്‌ പഞ്ചസാരയുടെ അളവ്‌ കുറയുന്ന അവസ്‌ഥയാണിത്‌. രോഗിക്ക്‌ ഇത്‌ തിരിച്ചറിയാന്‍ കഴിയാറുണ്ട്‌. അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അപകടസാധ്യത കൂടുന്നു.
ലക്ഷണങ്ങള്‍
അമിതവിശപ്പ്‌, വിറയല്‍, ക്ഷീണം, അവശത, അമിതവിയര്‍പ്പ്‌, ഹൃദയമിടിപ്പ്‌ കൂടുക, തലകറക്കവും തലയ്‌ക്ക് ഭാരവും തോന്നുക, കാഴ്‌ചമങ്ങുക, പരിസരബോധം നഷ്‌ടമാകുക, അബോധാവസ്‌ഥയിലാവുക.
ഷുഗര്‍ കൂടുമ്പോഴും കുറയുമ്പോഴും ലക്ഷണങ്ങള്‍ വ്യത്യസ്‌തമാണോ ഇത്‌ എങ്ങനെ രോഗിക്ക്‌ തിരിച്ചറിയാന്‍ കഴിയും?
ഷുഗര്‍ കൂടുമ്പോള്‍ വല്ലാത്ത ക്ഷീണം, അവശത എന്നിവ തോന്നാം. എന്നാല്‍ മറ്റു ലക്ഷണങ്ങള്‍ കാണുകയില്ല. ഈ അവസ്‌ഥയില്‍ ചിലര്‍ ഷുഗര്‍ കുറഞ്ഞതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ മധുരപദാര്‍ഥങ്ങളോ പഞ്ചസാരയോ കഴിച്ച്‌ അപകടം കൂട്ടുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച്‌ സ്വയം പരിശോധന നടത്തുന്നതാണ്‌ നല്ലത്‌.
ബോധവത്‌ക്കരണം അത്യാവശ്യമാണോ?
പ്രമേഹത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യപ്പെടുകയും ബോധവത്‌ക്കരണം നടത്തുകയും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. പ്രമേഹത്തെക്കുറിച്ച്‌ ഒത്തിരി തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്‌. രോഗത്തെക്കുറിച്ചും ഭക്ഷണം, വ്യായാമം, ചികിത്സ, സങ്കീര്‍ണതകള്‍ എന്നിവയെക്കുറിച്ചെല്ലാം ധാരണ ഉണ്ടാകണം. കേരളം അത്ഭുതഫലസിദ്ധികളില്‍ വിശ്വസിക്കുന്ന നാടാണ്‌. ''ഞാന്‍ ആ ഒറ്റമൂലി കഴിച്ച്‌ എനിക്ക്‌ പ്രമേഹം മാറി.'' ഇത്തരത്തിലുള്ള സാക്ഷിമൊഴികള്‍ ധാരാളം. പ്രമേഹം മാറ്റുമെന്ന്‌ അവകാശപ്പെടുന്ന ചികിത്സാരീതികള്‍ മിക്കതും തട്ടിപ്പാണ്‌. ഇത്തരം ഒരു അവകാശവാദവും തെളിയിക്കപ്പെട്ടിട്ടില്ല.
ഓര്‍ക്കുക: പ്രമേഹത്തെക്കുറിച്ച്‌ ഏറ്റവും നന്നായി മനസിലാക്കുകയും അതിനനുസരിച്ച്‌ ജീവിതശൈലി ക്രമീകരിക്കുകയും ചെയ്യുന്നവരായിരിക്കും കൂടുതല്‍ ആയുസോടെയിരിക്കുന്നത്‌. കാരണം പ്രമേഹമില്ലെങ്കില്‍ മറ്റു പല രോഗങ്ങള്‍ക്കും സാധ്യത കുറയുന്നു.
 by net

No comments:

Post a Comment

എഴുതുക എനിക്കായി....